ടിപ്പററി: കൗണ്ടി ടിപ്പററിയിലെ സ്ലീവെനമോണിൽ പടർന്നുപിടിച്ച കാട്ടുതീയണയ്ക്കാൻ പങ്കുചേർന്ന് പ്രാദേശിക കർഷകരും. ട്രാക്ടറുകളും ടാങ്കുകളും ഉപയോഗിച്ചാണ് ഇവർ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി അഗ്നിശമനസേനാംഗങ്ങൾക്കൊപ്പം ഇവരും പ്രയത്നിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് പ്രദേശത്ത് കാട്ടുതീ പടർന്നത്. ബുധനാഴ്ചയോടെ തീ അടുത്തുള്ള വനത്തിലേക്ക് വ്യാപിച്ചു. ഇത് സ്ഥിതിഗതികൾ രൂക്ഷമാക്കി. നിലവിൽ തീ നിയന്ത്രണവിധേയമാക്കാൻ വ്യോമസേനയുടെ സഹായവും അഗ്നിശമനസേനാംഗങ്ങൾക്ക് ലഭിക്കുന്നുണ്ട്.
തീ നിയന്ത്രണമാക്കാനുള്ള ശ്രമങ്ങളിൽ താനും പ്രാദേശിക കർഷകരും കരാറുകാരും പങ്കുചേർന്നതായി കർഷകനായ ടോം മോറിസി പറഞ്ഞു. ട്രാക്ടറുകളും ടാങ്കറുകളും ഉപയോഗിച്ച് പ്രദേശത്തേയ്ക്ക് വെള്ളം എത്തിക്കുന്നുണ്ട്. ഇതിന് സമീപം തങ്ങൾക്ക് കൃഷിയിടങ്ങളുണ്ട്. അതിനാൽ തീ പടരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

