ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് അംഗീകാരം . ജാപ്പനീസ് കമ്പനിയായ ടകേഡ ബയോഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത ക്യുഡിഎൻജിഎ എന്ന വാക്സിൻ വിതരണം ചെയ്യാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത് അംഗീകാരം നൽകി. ഒരു മാസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് ടകേഡ പ്രഖ്യാപിച്ചു. 2022 ൽ വികസിപ്പിച്ചെടുത്ത വാക്സിൻ 42 രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വാക്സിനേഷന് മുമ്പുള്ള രക്തപരിശോധന ആവശ്യമില്ല. ഇത് ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഉയർന്ന ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ വാക്സിൻ ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ ശുപാർശ ചെയ്തിരുന്നു. അവരുടെ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഡെങ്കി കേസുകളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണ്.
നാല് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാം. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ കഴിക്കണം. വില തീരുമാനിച്ചിട്ടില്ല. ഒരു ഡോസിന് 3000 മുതൽ 6000 വരെ വില വരുമെന്ന് സൂചനയുണ്ട്. വാക്സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. എങ്കിലും, കുത്തിവയ്പ്പ് സ്ഥലത്ത് നേരിയ ചുവപ്പും വേദനയും രണ്ട് ദിവസം നീണ്ടുനിൽക്കും.

