തിരുവനന്തപുരം: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ . സർക്കാർ ആശുപത്രികളിലെ ഭക്ഷണ വിതരണം നിർത്തിയിട്ടില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഭൂമി കൈയേറ്റത്തെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ ആശുപത്രി പരിസരം അനധികൃതമായി കൈവശപ്പെടുത്തിയതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൺ ആശുപത്രി വികസന സമിതി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ‘കമ്മ്യൂണിറ്റി കിച്ചൺ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രികളിൽ ഇത് അവതരിപ്പിക്കാൻ പദ്ധതിയില്ല. ആശുപത്രികളിൽ രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ഭക്ഷണം നൽകുന്നതിൽ നിയന്ത്രണമില്ല. ഒരു ലബോറട്ടറിയുടെ പ്രവർത്തനം തടസ്സപ്പെട്ടതിനാലാണ് ആലപ്പുഴയിൽ പ്രശ്നം ഉടലെടുത്തത്. ചൂരൽമലയിൽ ഭക്ഷണ വിതരണം ആരാണ് നിർത്തിവച്ചത്? കഴിഞ്ഞ ദിവസം ഞാൻ സംസാരിച്ചത് ആലപ്പുഴയിലെ സാഹചര്യത്തെക്കുറിച്ചാണ്, അത് പൊതുവായ ഒന്നായി വ്യാഖ്യാനിക്കരുത്. ആലപ്പുഴയിൽ, ഭക്ഷണ വിതരണത്തിന്റെ മറവിൽ ചില സംഘടനകൾ ആശുപത്രി പരിസരത്ത് കൂട്ടമായി അതിക്രമിച്ചു കയറി, ഇത് അംഗീകരിക്കാൻ കഴിയില്ല,’ മന്ത്രി പറഞ്ഞു.
ഡി.വൈ.എഫ്.ഐ ആയാലും സേവാഭാരതിയായാലും പായ്ക്ക് ചെയ്ത ഭക്ഷണ വിതരണം ആശുപത്രി പരിസരത്തിന് പുറത്തായിരിക്കണമെന്ന് മുരളീധരൻ ആവർത്തിച്ചു.
സേവാഭാരതി ഏകദേശം 19 വർഷമായി മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. അതേസമയം ഡിവൈ.എഫ്.ഐ ഏകദേശം 10 വർഷമായി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈ.എഫ്.ഐ എല്ലാ ദിവസവും 2,000-ത്തിലധികം പായ്ക്കറ്റ് ഭക്ഷണം വിതരണം ചെയ്യുന്നു. മറ്റ് നിരവധി സന്നദ്ധ സംഘടനകളും സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണം നൽകുന്നു.

