അച്ചൂട്ടിയായും, രാഘവൻ നായരായും, ബാലൻ മാഷായുമൊക്കെ മലയാളിയുടെ മനസിൽ നിറഞ്ഞാടിയ നടന വൈഭവം ഇന്ന് നാലാം ദേശീയ പുരസ്ക്കാരത്തിന്റെ നിറവിൽ . നാല് പതിറ്റാണ്ടായി തലമുറകൾ മാറി മറിയുമ്പോഴും മലയാളിയ്ക്കൊപ്പമുണ്ട് ഈ മഹാനടൻ . പുതിയ കഥാപാത്രങ്ങളെ രാകി മിനുക്കി നമുക്ക് മുന്നിലെത്തിച്ച് കരയിപ്പിച്ച്, ചിന്തിപ്പിച്ച് , രസിപ്പിച്ച് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ നേർപതിപ്പാകുന്നു മമ്മൂട്ടി.
ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി, ചാത്തൻ എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ രണ്ട് ഭാവങ്ങളെയാണ് മമ്മൂട്ടി സ്ക്രീനിൽ അനശ്വരമാക്കിയത്. നിഗൂഢനായ ഫ്യൂഡൽ പ്രഭു കൊടുമൺ പോറ്റിയായും, പുരാതന ശക്തിയുടെയും ഭയത്തിന്റെയും മൂർത്തിഭാവമായ ചാത്തനായും ഭ്രമയുഗത്തിൽ മമ്മൂട്ടി നിറഞ്ഞപ്പോൾ പ്രേക്ഷകർ അത് ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ഓരോ നോട്ടത്തിലും, വാക്കിലും ഭയം നിറച്ച് , ആകാംക്ഷയോടെ കാഴ്ച്ചക്കാർ കൊടുമൺ പോറ്റിയെ ആഘോഷമാക്കി. പുതുമുഖ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള മമ്മൂട്ടിയുടെ തീരുമാനമാണ് ഭ്രമയുഗത്തിന്റെ പിറവിയ്ക്ക് കാരണമായത്. . കഥാപാത്രവും അഭിനേതാവും ഒന്നാകുന്ന അപൂർവ കാഴ്ച അതാണ് മമ്മൂട്ടി ചിത്രങ്ങളെ എന്നും വിസ്മയമാക്കുന്നത് .
വടക്കൻ വീരഗാഥയിലെ ചന്തുവും, ബാബാ സാഹിബ് അംബേദ്ക്കറിലെ അംബേദ്കറും ,വിധേയനി’ലെ ഭാസ്കര പട്ടേലറും വിവിധ ഭാവങ്ങളിൽ ആടിത്തിമിർത്തപ്പോൾ മലയാളികളുടെ മനസിൽ മമ്മൂട്ടി വളരുകയായിരുന്നു. . കടുത്ത മത്സരത്തിനൊടുവിലും മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും മുന്നിലായിരുന്നുവെന്നും, ജൂറി അംഗങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ഭ്രമയുഗ’മായിരുന്നുവെന്നുമുള്ള ദേശീയ പുരസ്ക്കാര ജൂറി അധ്യക്ഷൻ ജയരാജിന്റെ വാക്കുകളിലുണ്ട് എന്തുകൊണ്ട് മമ്മൂട്ടി എന്നതിനുത്തരം .
അതെ അംബേദ്ക്കറെയും, പട്ടേലരെയും, കൊടുമൺ പോറ്റിയെയും കടന്ന് അദ്ദേഹം യാത്ര തുടരുകയാണ് പുതുമുഖ നടന്റെ കൗതുകത്തോടെ , അടങ്ങാത്ത അഭിനിവേശത്തോടെ….

