ഡബ്ലിൻ: യാത്രക്കാരുടെ പരിധിയെന്ന നിയന്ത്രണത്തിൽ നിന്നും മോചിതമായി ഡബ്ലിൻ വിമാനത്താവളം. വിമാന യാത്രികരുടെ പരിധി ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് ഡെയിൽ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് കാതറിൻ കനോലി ഒപ്പുവച്ചു. നേരത്തെ 32 മില്യൺ എന്നതായിരുന്നു ഒരു വർഷത്തിൽ വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ പരിധി.
2007 മുതലാണ് ഡബ്ലിനിൽ വിമാനത്താവളത്തിൽ യാത്രികർക്ക് പരിധിയേർപ്പെടുത്തിയത്. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ തീരുമാനത്തിനെതിരെ അന്ന് മുതൽക്കേ എതിർപ്പുകളും ഉയർന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ബില്ല് ഡെയ്ൽ പാസാക്കിയത്. ഇതിന് ശേഷം അനുമതിയ്ക്കായി പ്രസിഡന്റിന് അയക്കുകയായിരുന്നു. യാത്രികരുടെ പരിധി നീക്കം ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും.

