കൊച്ചി : അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കുഴിമന്തിക്ക് പേരുകേട്ട അൽ റീം ഹോട്ടൽ ശൃംഖലയുടെ കതൃക്കടവിലുള്ള ഔട്ട്ലെറ്റിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ജൂലൈ 11, 12 തീയതികളിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേരാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത് . ഇതിൽ, ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ മൂന്ന് പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കുഴിമന്തിയ്ക്കൊപ്പം കഴിച്ച മയോണൈസാണ് അണുബാധയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. മയോണൈസ് കഴിക്കാത്തവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഹോട്ടലിൽ ഉൾപ്പെടെ കോർപ്പറേഷൻ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഷിഗെല്ലയ്ക്ക് കാരണമെന്നാണ് ഹോട്ടലുടമകളും സമീപത്തെ ചില വ്യാപാരികളും നൽകുന്ന വിശദീകരണം. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധം നടന്നു. കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. പരിശോധനയ്ക്കായി ഇവിടെ നിന്ന് സാമ്പിളുകളും ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് ഹോട്ടൽ പരിശോധിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വിശദീകരിച്ചു.

