ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദിഷ്ട അതിർത്തി നിർണ്ണയ ബില്ലിനെ ശരദ് പവാർ വിഭാഗം പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് . നിയമനിർമ്മാണത്തിന് അനുകൂലമായി പാർട്ടി വോട്ട് ചെയ്താൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബില്ലിനെ കൂട്ടായി എതിർത്ത ഇൻഡി സഖ്യത്തിൽ നിന്ന് പവാർ വിഭാഗം വേർപിരിയുമെന്നാണ് സൂചന.
രണ്ട് എൻസിപി വിഭാഗങ്ങളിലെയും മുതിർന്ന നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി രാത്രി വൈകി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് അതിർത്തി നിർണ്ണയ ബില്ലിനെ ശരദ് പവാർ വിഭാഗം പിന്തുണയ്ക്കുമെന്ന സൂചന.
എൻസിപിയിലെ രണ്ട് ക്യാമ്പുകളും അനുരഞ്ജനത്തിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹങ്ങൾക്കും ഈ കൂടിക്കാഴ്ചകൾ ആക്കം കൂട്ടി. ദേശീയ തലത്തിൽ എൻഡിഎയുമായി സഖ്യത്തിലേർപ്പെടുമോയെന്ന മട്ടിലും ചർച്ചകൾ നടക്കുന്നുണ്ട്.
എന്നാൽ ബില്ലിന്റെ അന്തിമ പതിപ്പ് പരിശോധിച്ചതിനുശേഷം മാത്രമേ തങ്ങൾ തീരുമാനമെടുക്കൂ എന്നും, രാഷ്ട്രീയ പരിഗണനകളെക്കാൾ നിയമനിർമ്മാണത്തിലെ വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും പിന്തുണയെന്നും എൻസിപി (ശരദ് പവാർ) എംപി സുപ്രിയ സുലെ പറഞ്ഞു.

