തിരുവനന്തപുരം : അതിവേഗ റെയിൽ പദ്ധതി റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . കെ റെയിലിന് സംഭവിച്ച തെറ്റ് ആവർത്തിക്കരുത്. പദ്ധതിയെക്കുറിച്ച് സർക്കാർ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
‘ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചു. ഇ ശ്രീധരന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വിദഗ്ദ്ധ സമിതി അറിയിച്ചു. പദ്ധതി നിലവിലെ രൂപത്തിൽ നടപ്പിലാക്കരുതെന്ന് സമിതി അറിയിച്ചു. കെ റെയിലിന് സംഭവിച്ച തെറ്റ് ആവർത്തിക്കരുത്. പദ്ധതിയെക്കുറിച്ച് സർക്കാർ വീണ്ടും പഠനം നടത്തും. ഭൂമി ലഭ്യതയും പരിശോധിക്കും. സർക്കാർ പദ്ധതികൾക്ക് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടായിരിക്കും .സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പദ്ധതികളുടെ തൽസ്ഥിതി അറിയാനുള്ള പ്രൊജക്ട് മാപ്പിംഗ് സംവിധാനം ഏർപ്പെടുത്തും. പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തിനു നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പ്ലീഡറുടെ നിയമനത്തിൽ ആരും പരാതിപ്പെട്ടിട്ടില്ല. നിയമനത്തിനുള്ള ശുപാർശ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ് നൽകിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നിയമനം നടത്തിയത്. എഡിജിപി എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് സർക്കാരിൽ എത്തിയിട്ടില്ല. എൻഎസ്എസിന് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചുവെന്ന വാർത്ത തെറ്റാണ്. സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചു. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. അദാനി ഗ്രൂപ്പിന് ഇളവുകൾ നൽകിയത് ഇടതുപക്ഷ സർക്കാരാണ്,’ എന്നും വി ഡി സതീശൻ പറഞ്ഞു.

