കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ വിമർശനത്തിന് മറുപടി നൽകി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ ആർക്കും വിലക്കില്ല . എന്നാൽ പ്രോട്ടോക്കോൾ പാലിക്കണം.
ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന അംഗീകരിക്കാനാകില്ല. എൻ എസ് എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. അതുകൊണ്ടാണ് സന്ദർശനത്തിന് അന്ന് അനുമതി നിഷേധിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപിയെ വിലക്കിയത് ബജറ്റ് യോഗത്തിൽ പ്രവേശിക്കുന്നതിനാലാണ് . വിഷയത്തില് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ജി സുകുമാരന് നായര് പറഞ്ഞു.
ഉപരാഷ്ട്രപതിയും, സുരേഷ് ഗോപിയും ഉന്നയിച്ച വിമർശനം മറുപടി അർഹിക്കുന്നില്ല. വിഷയത്തിൽ പരസ്യപ്രതികരണത്തില്ല . പ്രസ്താവനയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹി എൻഎസ്എസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത ശേഷമാണ് രാധാകൃഷ്ണനും , സുരേഷ് ഗോപിയും വിമർശനം ഉന്നയിച്ചത് . “ നിങ്ങളാണ് എല്ലാമെന്ന് കരുതരുത്. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനകളാണ്. താനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരരുത് എന്ന് പറയുന്നത് അനുചിതമാണ്. വലിയ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, മറിച്ച് പ്രതിബദ്ധത കൊണ്ടാണ് നിർമ്മിക്കപ്പെടുന്നതെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു,” എന്നാണ് സുകുമാരൻ നായരുടെ പേര് പരാമർശിക്കാതെ ഉപരാഷ്ട്രപതി പറഞ്ഞത്. പെരുന്നയിൽ ശുദ്ധീകരണ ചടങ്ങ് ഉടൻ നടക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം ആദ്യ ലക്ഷണങ്ങൾ പ്രകടമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

