കണ്ണൂർ: ധനരാജ് രക്തസാക്ഷി അനുസ്മരണപോസ്റ്റിട്ട സിപിഎം നേതാക്കളെ വിമർശിച്ച് അണികൾ . കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും മുൻ എംഎൽഎ ടി ഐ മധുസൂദനനുമാണ് അണികളെ ഭയന്ന് കമന്റ് ബോക്സ് വരെ ഓഫ് ചെയ്തത്.
രക്തസാക്ഷി ഫണ്ട് മുക്കിയവരാണിപ്പോൾ അനുസ്മരിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും, ഈ തോൽവി നിങ്ങൾ ചോദിച്ചു വാങ്ങിയതാണെന്നുമാണ് ചില കമന്റുകൾ. അഴിമതി വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ധനരാജിനെ വിറ്റ് കാശാക്കിയെന്നും അണികള്‍ തന്നെ കമന്റ് ചെയ്തിരുന്നു.
‘ മുൻ എംഎൽഎ ധനരാജിനെ വിറ്റ് പണം സമ്പാദിച്ചു. ആദ്യം ഫണ്ട് കൈമാറ്റ വിവാദത്തിൽ ശരിയായ വിശദീകരണം നൽകൂ. സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടതിനാൽ പഴയ പാർട്ടി സഖാക്കൾ വീണ്ടും രക്തസാക്ഷികളെ ഓർക്കുന്നത് കാണാൻ സന്തോഷകരമായ ഒരു കാഴ്ചയാണ് ‘ എന്നാണ് എംഎൽഎ ടി ഐ മധുസൂദനന്റെ ഫേസ്ബുക്കിൽ വന്ന കമന്റുകൾ.
അതേസമയം, വ്യാജ കമ്മ്യൂണിസ്റ്റുകളാണ് വർഗീയ ശക്തികളുമായി കൈകോർത്ത് പാർട്ടിയെ തകർക്കുന്നതെന്ന് കെകെ രാഗേഷ് ആരോപിച്ചു. രക്തസാക്ഷി ഫണ്ട് ദുരുപയോഗം ചെയ്ത വിവരം ആദ്യം പുറത്ത് പറഞ്ഞത് സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനാണ്. സംഭവം വിവാദമായതോടെ കുഞ്ഞികൃഷ്ണൻ പാർട്ടി വിട്ട് യുഡിഎഫിന്റെ പിന്തുണയോടെ എംഎൽഎയായി. ഇത് സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു .

