കൊച്ചി : യുഎസ് ആസ്ഥാനമായുള്ള കൊറോഹെൽത്ത് കമ്പനിയുടെ കൂട്ട പിരിച്ചുവിടലിനെതിരെ പ്രതിഷേധം ഫലം കണ്ടു . കമ്പനി പത്താം തീയതി വരെ തുറന്ന് പ്രവർത്തിക്കും . ലേബർ കമ്മീഷണറും, തൃക്കാക്കര എം എൽ എ ഉമാതോമസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പത്താം, തീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാവും. വർക്കില്ലെങ്കിലും ഇന്ന് മുതൽ ജീവനക്കാരെ കമ്പനിയിൽ കയറ്റാനും മാനേജ്മെന്റ് അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട്, കൊച്ചി ഓഫീസുകളിൽ എത്തിയ ജീവനക്കാർക്കാണ് ഇന്ന് പ്രവേശനം നിഷേധിച്ചത് . തുടർന്ന് എഐടിയുസി ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നു . ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു. മുൻ ചർച്ചയിൽ ലേഓഫ് പ്രക്രിയ താൽക്കാലികമായി മരവിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഇതിൽ നിന്ന് പിന്മാറുകയായിരുന്നു.
കമ്പനി വെള്ളിയാഴ്ച കോഴിക്കോട്, കൊച്ചി ഓഫീസുകളിൽ നിന്ന് ഏകദേശം 800 ജീവനക്കാരെ മുൻകൂർ അറിയിപ്പ് കൂടാതെ പിരിച്ചുവിട്ടിരുന്നു. ജോലിക്കായി വന്ന ജീവനക്കാരോട് സിസ്റ്റത്തിൽ നിന്ന് ഉടൻ ലോഗ് ഔട്ട് ചെയ്യാൻ മാനേജ്മെന്റ് ആവശ്യപ്പെടുകയും കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി അടച്ചിടുകയാണെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് ബന്ധപ്പെട്ട ജീവനക്കാർ എംഎൽഎയെയും മറ്റുള്ളവരെയും അറിയിച്ചു. തുടർന്ന് ജില്ലാ ഓഫീസറും ട്രേഡ് യൂണിയൻ നേതാക്കളും വിഷയത്തിൽ ഇടപെട്ടു. പിരിച്ചുവിടൽ പ്രക്രിയ താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ കൊറോഹെൽത്ത് തങ്ങളുടെ പിരിച്ചുവിടൽ നടപടികളിൽ ഉറച്ച് നിൽക്കുകയായിരുന്നു
പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, പുതിയ ലേബർ കോഡുകൾ ഇതുവരെ പൂർണ്ണമായി പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മുന്നൂറിലധികം ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ കൂട്ട പിരിച്ചുവിടൽ നടത്തുന്നത് വ്യാവസായിക തർക്ക നിയമം (1947) പ്രകാരം നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതിനിടയിൽ, കമ്പനി നഷ്ടപരിഹാരമായി ജീവനക്കാരുടെ അക്കൗണ്ടുകളിൽ മുൻ കൂർ ശമ്പളം നിക്ഷേപിച്ചു. ഈ തുക ലഭിച്ചുകഴിഞ്ഞാൽ, ഭാവിയിൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടപ്പെടുമെന്ന വ്യവസ്ഥയോടെയാണ് തുക നൽകിയിരിക്കുന്നത്.

