തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിൽ മുൻ എൽ ഡി എഫ് സർക്കാർ നൽകിയ നവീകരണ കരാറുകൾ പൂർണ്ണമായും റദ്ദാക്കി സ്പീക്കർ തിരുവനഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് സ്പീക്കറിന്റെ ഇടപെടൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഫണ്ട് അനുവദിച്ചതുൾപ്പെടെയുള്ള ഉത്തരവുകളാണ് റദ്ദാക്കിയത്.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ അറ്റകുറ്റപ്പണി ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ മാറ്റാൻ സ്പീക്കർ നിർദ്ദേശിച്ചു. പകരം, ഇനി മുതൽ ഈ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണ് . മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളിൽ ഊരാളുങ്കലിന് നൽകിയ വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സ്പീക്കർ കർശന നടപടി സ്വീകരിച്ചത്.
നിയമസഭയിലെ എൽ ഇ ഡി വാളിന്റെ അറ്റകുറ്റപ്പണിയ്ക്കായി മാത്രം 10 ലക്ഷം രൂപയാണ് പൊതുപണ ഇനത്തിൽ നിന്ന് ചിലവായത്. എന്നാൽ വാർഷിക പരിപാലന കരാർ പ്രകാരം എൽ ഇ ഡി വാളിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാർ വഹിച്ച സൊസൈറ്റി തന്നെയായിരുന്നു. ഇതേ തുടർന്ന് പൊതുപണം ഇത്തരത്തിൽ ചിലവഴിക്കരുതെന്ന് സ്പീക്കർ നിർദേശം നൽകിയിരുന്നു.

