ഭോപ്പാൽ : മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശപ്രകാരം മധ്യപ്രദേശിൽ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു. വഖഫ് ഭേദഗതി നിയമമനുസരിച്ച് രണ്ട് ഹിന്ദു അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതാദ്യമായാണ് വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിക്കുന്നത്. ഇൻഡോറിൽ നിന്നുള്ള മനോജ് മല്‍പാനി, ഗുണയിൽ നിന്നുള്ള അനിമേഷ് ഭാർഗവ എന്നിവരെയാണ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സൻവാർ പട്ടേലിനെ ബോർഡിനെ ചെയർമാനായും നിയമിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മുൻപ് സംസ്ഥാനത്ത് നിലനിന്നിരുന്ന ബോർഡിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. ആകെ 10 അംഗങ്ങളാണ് ബോർഡിൽ ഉള്ളത്.
എം എൽ എ ആതിഫ് അക്വീൽ, ഫൈസാൽ ഖാൻ , നജ്മ ഹെപ്ത്തുള്ള, ഷൈസ്ത സുൽത്താൻ, ഫാത്തിമ ചൗധരി, ഷബാന ഖാൻ, മനോജ് മാല്‍പാനി, അനിമേഷ് ഭാർഗവ , എന്നിവർക്കൊപ്പം പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും കമ്മീഷണർ എന്നിവരാണ് ബോർഡിലുള്ളത്. നജ്മ ഹെപ്ത്തുള്ളയുടെ കാലാവധി 2028 ഏപ്രിൽ 18 വരെ തുടരുമെന്നും സംസ്ഥാനസർക്കാർ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.

