ലോസ് ആഞ്ചലസ്: ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിനിനെ വിജയതീരത്ത് അണച്ചത്. സ്പാനിഷ് ആക്രമണങ്ങൾക്ക് മുന്നിൽ അടിമുടി പതറിയ ഓസ്ട്രിയയെയാണ് മൈതാനത്ത് കണ്ടത്.
തുടക്കം മുതൽ സമ്പൂർണ്ണ ആാധിപത്യമാണ് മത്സരത്തിൽ സ്പെയിൻ പുലർത്തിയത്. മുപ്പത്തിയാറാം മിനിറ്റിൽ ഇതിന് ഫലം കണ്ടു. മാർക് കുകുറെല നൽകിയ സുന്ദരമായ ക്രോസ് ഒയർസബാൽ ഗോളാക്കി മാറ്റുകയായിരുന്നു. 45–ാം മിനിറ്റിൽ മിച്ചൽ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സ് വരെ മുന്നേറിയെങ്കിലും, ഓഫ് സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു.
66–ാം മിനിറ്റിൽ പെഡ്രോ പൊറോയിലൂടെ സ്പെയിൻ രണ്ടാം ഗോൾ നേടി. അലക്സ് ബെന നൽകിയ അസിസ്റ്റിൽ ഹെഡറിലൂടെ പൊറോ വലയിലാക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഒയർസബാൽ സ്പെയിനിന്റെ മൂന്നാം ഗോളും വലയിലെത്തിച്ചു. ഇതോടെ ഓസ്ട്രിയയുടെ പരാജയം പൂർത്തിയായി. ക്രോയേഷ്യയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ കടന്ന പോർച്ചുഗലാണ് സ്പെയിനിന്റെ എതിരാളികൾ.

