കൊച്ചി: മലയാളത്തിലെ താരസംഘടനയായ അമ്മയിൽ നിലനിൽക്കുന്ന തർക്കത്തിൽ കോടതി ഇടപെടൽ .അഡ്ഹോക്ക് കമ്മിറ്റിയെ സംഘടനയുടെ ഭരണം ഏറ്റെടുക്കുന്നതിൽ നിന്ന് എറണാകുളം മുൻസിഫ് കോടതി താൽക്കാലികമായി വിലക്കി.ശ്വേത മേനോന്റെ കമ്മിറ്റിക്ക് തൽക്കാലം സ്ഥാനത്ത് തുടരാമെന്നും കോടതി വിധിച്ചു. അഡ്ഹോക്ക് കമ്മിറ്റി നിയമനത്തെ ചോദ്യം ചെയ്ത് ശ്വേത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്.
നടൻ രമേശ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനർ. നേരത്തെ, ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജി കത്ത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നും ഇത് സംഘടനയ്ക്കുള്ളിൽ അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും രമേശ് പിഷാരടിയും നടനും മുൻ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറും ആരോപിച്ചിരുന്നു.
എന്നാൽ അതിന് പിന്നാലെ ആഭ്യന്തര തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് താൻ ആദ്യം മൗനം പാലിച്ചിരുന്നതെന്ന് ശ്വേത ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. ഇപ്പോൾ, തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ തൽസ്ഥാനത്ത് തുടരും . സ്ഥാനമൊഴിയില്ലെന്നും ശ്വേത പറഞ്ഞു. മാത്രമല്ല അമ്മയുയുടെ ബൈലോകളിൽ അഡ് ഹോക്ക് കമ്മിറ്റി നിയമനത്തിന് വ്യവസ്ഥയില്ലെന്നും ശ്വേത വാദിച്ചു. സംഘടനയുടെ ബൈലോകളിൽ അതിനുള്ള വ്യവസ്ഥയില്ലാത്തപ്പോൾ അത്തരമൊരു കമ്മിറ്റി എങ്ങനെ രൂപീകരിക്കാൻ കഴിയുമെന്ന് ശ്വേത ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഔദ്യോഗികമായി രാജിവച്ചാൽ, പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുന്നതുവരെ നിലവിലുള്ള കമ്മിറ്റി തുടരണമെന്നാണ് വ്യവസ്ഥയെയും അവർ ചൂണ്ടിക്കാട്ടി.

