ചെന്നൈ: മുഖ്യമന്ത്രി വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഡിഎംകെ എംഎൽഎയും മുൻ തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ജൂൺ 20 ന് ആത്തൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ രാധാകൃഷ്ണൻ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ടിവികെയുടെ പ്രാദേശിക പ്രവർത്തകനായ സെൽവമാണ് എം എൽ എ യ്ക്കെതിരെ പരാതി നൽകിയത്. അറസ്റ്റ് പ്രതീക്ഷിച്ച് രാധാകൃഷ്ണൻ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. എന്നാൽ, വെള്ളിയാഴ്ച ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ ഹർജി തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റിനെ തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ ഡി.എം.കെ അനുയായികളും പാർട്ടി പ്രവർത്തകരും റോഡ് ഉപരോധം നടത്തുകയും ചെയ്തു, ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംസ്ഥാനം നേരിടുന്ന കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണകൂടം പോലീസിനെ കരുവാക്കുകയാണെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു.

