ചിറയിൻകീഴ് : സൂപ്പർ കോംബോ ഓഫറിൽ ഷവർമ്മയും, ഷവായും കഴിച്ച ഒട്ടേറെ പേർക്ക് ഭക്ഷ്യവിഷവാധ . കടയ്ക്കാവൂർ തെക്കുംഭാഗം എസ് ആർ വി എൽ പി സ്കൂളിന് സമീപമുള്ള കടയിൽ നിന്ന് വാങ്ങിയ ആഹാരത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ , സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയന്റവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയാറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ,ഗൗരിനന്ദ, ഗൗതം കൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണ് കടുത്ത ഛർദ്ദി, വയറിളക്കം എന്നിവ ബാധിച്ച് ചിറയിൻ കീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ 2 സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.
സൂപ്പർ മാർക്കറ്റിനോട് ചേർന്ന് ആരംഭിച്ച സിഗ്നേച്ചർ ഡിഷസിൽ കോംബോ ഓഫർ വഴി ഷവർമയും, ഷവായിയും ലഭ്യമാവുമെന്ന പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. ആരുടെയും നില ഗുരുതരമല്ല. ഇവരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും , കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിലും പരാതി നൽകി. ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥലത്തെത്തി കട അടച്ചുപൂട്ടി. മതിയായ അനുമതി വാങ്ങാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

