തിരുവനന്തപുരം : എഫ്സിആർഎ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ . പ്രത്യേക പ്രമേയത്തെ എൽഡിഎഫ് പൂർണ്ണമായി പിന്തുണച്ചപ്പോൾ, രണ്ട് ബിജെപി അംഗങ്ങൾ അതിനെ എതിർത്തു. വോട്ടെടുപ്പിൽ 111 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
സർക്കാരിതര സംഘടനകൾക്കും (എൻജിഒ) ചാരിറ്റബിൾ ട്രസ്റ്റുകൾക്കും വിദേശത്ത് നിന്ന് ലഭിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെയായിരുന്നു പ്രമേയം. കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്നും , രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭേദഗതി ഉടൻ പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭേദഗതി ഭരണഘടനയുടെ ആർട്ടിക്കിൾ 19, 25, 29 ലെ വ്യവസ്ഥകൾ ലംഘിക്കുന്നതും രാജ്യം പ്രതിനിധാനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി ഡി സതീശന്റെ വിമർശനം . സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ദുരുപയോഗങ്ങൾക്ക് ഈ ഭേദഗതി കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാക്ക, ആദിവാസി മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പാർലമെന്റിൽ പാസാക്കിയ നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ബിജെപി എംഎൽഎ വി മുരളീധരൻ പറഞ്ഞു, മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . തുടർന്നുള്ള വോട്ടെടുപ്പിൽ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതിനെത്തുടർന്ന് 111 വോട്ടുകളോടെ പ്രമേയം പാസായി.

