ന്യൂഡൽഹി : മെയ് മാസത്തിൽ വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ ആന്തരികാവയങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 33 കാരനായ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ നിന്ന് തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുൾപ്പെടെ നിരവധി ആന്തരികാവയവങ്ങൾ കാണാതായതായി എന്നാണ് ആരോപണം. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് സീഫറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
ചൗഹാന്റെ ഭൗതികാവശിഷ്ടങ്ങൾ ഉത്തർപ്രദേശിലെ ഡിയോറിയയിലുള്ള അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് അയച്ചത് വെനിസ്വേലൻ അധികൃതരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ വിശദാംശങ്ങളോ ഇല്ലാതെയാണെന്ന് സീഫറേഴ്സ് യൂണിയൻസ് പറയുന്നു.
“വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത് . ഇന്ത്യയിൽ നടത്തിയ ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഭയാനകമായ സത്യം വെളിപ്പെടുത്തുന്നു: ശരീരത്തിൽ തലച്ചോറ് , ഹൃദയം , ശ്വാസകോശം, കരൾ, വൃക്കകൾ, പ്ലീഹ, പാൻക്രിയാസ്, ആമാശയം, കുടൽ , ശ്വാസനാളം എന്നിവ കാണുന്നില്ല. ശരീരത്തിൽ മുമ്പ് തുന്നലുകൾ ഉണ്ടായിരുന്നു. പ്രീമോർട്ടത്തിന് മുമ്പുള്ള പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു മാസത്തോളമായി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു . മരണകാരണം: നിർണ്ണയിക്കാൻ കഴിഞ്ഞില്ല എന്നാണ് പോസ്റ്റ് മോർട്ടം “ സീഫറേഴ്സ് യൂണിയൻസ് എക്സിൽ പങ്ക് വച്ച പോസ്റ്റിൽ പറയുന്നു.
“ഇത് അസ്വീകാര്യമാണ്. നാവികർ ബലിയാടുകളായി മാറുകയാണ്. വെനിസ്വേലൻ അധികൃതരിൽ നിന്ന് പൂർണ്ണമായ അന്വേഷണവും ഉത്തരവാദിത്തവും, വെനിസ്വേലയിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ, പൂർണ്ണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരണ സാഹചര്യങ്ങൾ, കുടുംബത്തിന് നഷ്ടപരിഹാരം എന്നിവ ഞങ്ങൾ ആവശ്യപ്പെടുന്നു,” എന്നും യൂണിയർ ഭാരവാഹികൾ പറഞ്ഞു.
ഡിയോറിയയിലെ ലഗ്ഡ ബസാർ തോല സ്വദേശിയായ രാകേഷ് ചൗഹാൻ 2025 നവംബറിൽ വ്യാപാര നാവിക കപ്പലിലെ ക്രൂവിന്റെ ഭാഗമായി വെനിസ്വേലയിലേക്ക് പോയിരുന്നു. എക്സ്ഫിനിറ്റി കമ്പനിയാണ് രാകേഷിനെ കപ്പലിൽ അയച്ചത്. ചൗഹാൻ കപ്പലിൽ വീണുവെന്നും പരിക്കേറ്റുവെന്നും ചികിത്സയിലാണെന്നും കമ്പനി ഉദ്യോഗസ്ഥർ ആദ്യം ഫോണിലൂടെ അറിയിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. പിറ്റേന്ന് രാവിലെ, ചൗഹാൻ രക്ഷപ്പെടാനുള്ള സാധ്യത 95 ശതമാനം ഉണ്ടെന്നാണ് കമ്പനി വിളിച്ച് അറിയിച്ചത്. വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. വീഴ്ചയിൽ ഉണ്ടായ ഗുരുതരമായ പരിക്കുകൾ മൂലമാണ് അദ്ദേഹം മരിച്ചതെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
ഹൃദയം, പിത്താശയം, വൃക്കകൾ തുടങ്ങിയ മിക്ക അവയവങ്ങളും പലപ്പോഴും പരിശോധനയ്ക്കായി ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി നീക്കം ചെയ്യാറുണ്ട്. എന്നാൽ, വെനിസ്വേലൻ അധികൃതരോ ചൗഹാന്റെ കമ്പനിയോ അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് വ്യക്തമായ വിശദീകരണം നൽകാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബം പറയുന്നത് .

