ചെന്നൈ: പൊതുഗതാഗതത്തിനായി സംസ്ഥാന സർക്കാർ ഇനി എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂവെന്ന് തമിഴ്നാട് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിബൻ . തമിഴ്നാട്ടിലെ ജനങ്ങൾ എസി ബസുകളിൽ സുഖമായി യാത്ര ചെയ്യണമെന്ന് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേലത്ത് നടന്ന സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തമിഴ്നാട്ടിലെ എല്ലാ ഉൾപ്രദേശങ്ങളിലും ബസ് സർവീസുകൾ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ പൗരനും സുഖമായി യാത്ര ചെയ്യാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബസുകളിൽ ഉണ്ടായിരിക്കണം. അടുത്തിടെ സർക്കാർ ബസിൽ യാത്ര ചെയ്ത ശേഷം എല്ലാ ബസുകളിലും എസി സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്ന് വിജയ് ആഗ്രഹം പ്രകടിപ്പിച്ചു . സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തമിഴൻ പാർഥിബൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി വിജയ് തമിഴ്നാട്ടിൽ 300 പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. 127.21 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ ബസുകൾ വാങ്ങിയത്. 164 ഡീസൽ ബസുകളും 130 സിഎൻജി ബസുകളും ഇതിൽ ഉൾപ്പെടുന്നു. ഉദ്ഘാടനത്തിന് ശേഷം വിജയ് ഒരു ബസിൽ യാത്ര ചെയ്തിരുന്നു. ബസ് ജീവനക്കാരുമായും യാത്രക്കാരുമായും അദ്ദേഹം ഇടപഴകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ടു.അതിനു പിന്നാലെയാണ് പുതിയ തീരുമാനം.

