ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലാണ് . താരിഫുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങൾ അവസാനിച്ചതിനു പിന്നാലെയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം അവസാനിക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിലുള്ള സൗഹൃദമാണെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞ രസകരമായ അനുഭവമാണ് വൈറലാകുന്നത്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു ഗോറിന്റെ തുറന്ന് പറച്ചിൽ . ഒരിക്കൽ ഡൊണാൾഡ് ട്രമ്പ് രാവിലെ ആറ് മണിക്ക് മോദിയെ വിളിക്കുന്ന കാര്യം തന്നോട് പറഞ്ഞതായി സെർജിയോ ഗോർ പറയുന്നു.
‘ കുറച്ച് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ മിയാമിയിൽ നടന്ന ഒരു യുഎഫ്സി പോരാട്ട വേദിയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് പ്രസിഡന്റ് പറഞ്ഞു. “ നമുക്ക് പ്രധാനമന്ത്രി മോദിയെ വിളിക്കാം .“ ട്രമ്പ് ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇന്ത്യയിൽ ആ സമയം രാവിലെ 6 മണിയായിരിക്കുമെന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത്. മോദി ഉണർന്നിട്ടുണ്ടാകും എന്നെ പോലെ അദ്ദേഹവും അതിരാവിലെ എഴുന്നേൽക്കുന്ന ആളാണെന്നായിരുന്നു . പിന്നീട് ഫോൺ കോൾ നടന്നത് അടുത്ത ദിവസമാണ് . എന്നാൽ ഈ സംഭവം ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണ് “ എന്നും ഗോർ പറയുന്നു.
ട്രമ്പിന്റെ മനസിൽ ഇന്ത്യയ്ക്കായി പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യയിൽ വന്നതിന്റെ ഓർമ്മകൾ അദ്ദേഹം എപ്പോഴും മനസിൽ സൂക്ഷിക്കാറുണ്ട് . ആദ്യ ടേമിൽ ഇരു രാജ്യങ്ങളിലായി നടത്തിയ ‘ ഹൗഡി മോദി, നമസ്തേ ട്രമ്പ് ‘ തുടങ്ങിയ പരിപാടികൾ ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചുവെന്നും ഗോർ പറയുന്നു.

