ന്യൂഡൽഹി : 1960-ലെ സിന്ധു നദീജല ഉടമ്പടി കരാർ പ്രകാരം തന്റെ രാജ്യത്തിന് അനുവദിച്ച ജലം നിയന്ത്രിക്കാൻ ശ്രമിക്കുന്ന “കൈകൾ വെട്ടിക്കളയുമെന്ന്” പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക്. ഇസ്ലാമാബാദിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മാലിക്കിന്റെ ഈ പ്രസ്താവന.
2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ പാകിസ്ഥാനിലേയ്ക്കുള്ള ജലവിതരണം നിർത്തി വച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദം തകർക്കാൻ പാകിസ്ഥാൻ നടപടികൾ സ്വീകരിക്കുന്നതുവരെ വെള്ളം നൽകില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. സിന്ധു നദീജല ഉടമ്പടി പ്രകാരം കിഴക്കൻ നദികളിൽ നിന്നുള്ള ജലം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളിൽ നിന്നുള്ള ജലം പാകിസ്ഥാനുമാണ് ലഭിച്ചിരുന്നത്.
ഐഡബ്ല്യുടി നിയമപരമായി ബന്ധിതമായ അന്താരാഷ്ട്ര കരാറായി തുടരുമെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും സംയുക്ത പത്രസമ്മേളനത്തിൽ പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ വാദിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും നിലപാടാണ് തരാർ ആവർത്തിച്ചത്.
അതേസമയം പാകിസ്ഥാനിലെ ജല പ്രതിസന്ധി രൂക്ഷമാകുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് സിന്ധിലും ബലൂചിസ്ഥാന്റെ ചില ഭാഗങ്ങളിലും നിർണായകമായ കാർഷിക മേഖലകൾ കടുത്ത ജലസേചന ക്ഷാമം നേരിടുന്നു എന്നാണ് റിപ്പോർട്ടുകൾ . സുക്കൂർ ബാരേജ് പോലുള്ള പ്രധാന അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളിൽ ജലവിതരണം ഏറെക്കുറെ നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണ്.

