കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം മുൻ പിണറായി വിജയൻ സർക്കാരിലേക്കും നീളുമെന്ന് റിപ്പോർട്ടുകൾ. സിഎംആർഎൽ വീണയുടെ എക്സലോജിക് കമ്പനിയ്ക്ക് എങ്ങനെ കരാർ നൽകിയെന്നാകും ഇനി ഇഡി അന്വേഷിക്കുക. വീണയ്ക്ക് നൽകിയതായി ആരോപിക്കപ്പെടുന്ന പ്രതിമാസ പണമിടപാടുകൾ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ സിഎംആർഎല്ലിന് നൽകിയ അനർഹമായ ആനുകൂല്യങ്ങളുമായി ബന്ധപ്പെതാണെന്നാണ് ഇഡിയുടെ നിഗമനം. അന്വേഷണം ഈ രീതിയിലാകും മുന്നോട്ട് പോകുക.
സിഎംആർഎല്ലും എക്സലോജിക് സൊല്യൂഷൻസും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട അഴിമതിയും ഇഡി അന്വേഷിക്കുന്നുണ്ട്. വീണയുടെ പ്രസ്താവനകളിൽ ഇപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി റിപ്പോർട്ടുണ്ട്. കരാറിൽ അസാധാരണമായി ഒന്നുമില്ലെന്ന് വീണ അവകാശപ്പെടുന്നുവെങ്കിലും ഇഡി ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച വീണയെ വീണ്ടും വിളിപ്പിച്ചേക്കും. തിങ്കളാഴ്ചയോടെ പുതിയ നോട്ടീസ് നൽകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 9:30 ന് കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ എത്തിയ വീണ, പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം രാത്രി 8:30 ഓടെയാണ് മടങ്ങിയത്. ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും അവർക്കൊപ്പമുണ്ടായിരുന്നു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപയ്ക്ക് എക്സലോജിക് സൊല്യൂഷൻസ് നൽകിയതായി ആരോപിക്കപ്പെടുന്ന സേവനങ്ങളെ കുറിച്ചുള്ള വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് അതിൽ പറയുന്നു. ചെന്നൈയിൽ എസ്.എഫ്.ഐ.ഒയ്ക്ക് വീണ മുമ്പ് നൽകിയ പ്രസ്താവനകളെക്കുറിച്ചും ഇ.ഡി വിശദീകരണം തേടിയിട്ടുണ്ട്.

