ഡബ്ലിൻ: അയർലൻഡിൽ പ്രത്യേക പരിചരണ കേന്ദ്രങ്ങളിൽ പാർപ്പിക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 116 തവണയാണ് കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ ഉണ്ടായത്. ആക്രമണം, പീഡനം മുതലായ സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആക്രമണങ്ങളുടെ എണ്ണം മൂന്നിലൊന്നായി വർധിച്ചിട്ടുണ്ട്. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെയാണ് ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിക്കാറുള്ളത്.
ടുസ്ലയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലിമെറിക്കിലെയും ഡബ്ലിനിലെയും മൂന്ന് റെസിഡൻഷ്യൽ കെയർ യൂണിറ്റുകളിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടായി എന്നാണ് ടുസ്ല പറയുന്നത്. വിവരാവകാശ പ്രകാരം ടുസ്ലയിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം 2024 ൽ കുട്ടികൾ ഉപദ്രവിക്കപ്പെടുന്ന 532 സംഭവങ്ങൾ ഉണ്ടായി. എന്നാൽ 2025 ൽ അത് 704 ആയി ഉയർന്നു. അതായത് 32 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

