പത്തനംതിട്ട: ഗവിയുടെ ഉൾവനത്തിനുള്ളിൽ 34 കാരിയായ അംഗൻവാടി ഹെൽപ്പറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിനിയായ മേനകയാണ് മരിച്ചത്. മീനാർ അംഗൻവാടിയിൽ ജോലി ചെയ്തിരുന്ന ഇവർ ഗവിയിലാണ് താമസിച്ചിരുന്നത് . ഭർത്താവ് സുരേഷ് തോട്ടം തൊഴിലാളിയാണ്.
മേനക രാവിലെ 9.00 ഓടെ ഗവിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള മീനാറിലെ അംഗൻവാടിയിലേക്ക് നടന്നാണ് പോയത് . രണ്ട് സ്ഥലങ്ങൾക്കുമിടയിലുള്ള വഴി പൂർണ്ണമായും ഇടതൂർന്ന വനത്തിലൂടെയാണ്. അല്പസമയം കഴിഞ്ഞ് തമിഴ്നാട്ടിലുള്ള തന്റെ പിതാവിനെ വിളിച്ച് “തന്നെ എന്തോ കടിച്ചതായി” മേനക പറഞ്ഞു. അച്ഛൻ തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും മേനകയെ ഫോണിൽ ലഭിച്ചില്ല. പരിഭ്രാന്തനായ അദ്ദേഹം ഉടൻ തന്നെ പ്രദേശവാസികളെ അറിയിച്ചു. പ്രദേശവാസികളാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്.
രാവിലെ 11.00 ഓടെ, മീനാറിലെ കാട്ടരുവിയുടെ കരയിൽ മേനകയുടെ മൃതദേഹം കണ്ടെത്തി. വസ്ത്രങ്ങൾ കീറിയിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു . യുവതി അംഗനവാടിയിലേക്ക് പോയതിന് പിന്നാലെ ഒരു ആദിവാസി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായും സാക്ഷികൾ പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

