പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും, ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ. വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം. വീട്ടിൽ പോയി ഉറങ്ങാമെന്ന് കരുതരുത്.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഡ്രൈവര്‍മാര്‍ നന്നായി ഉറങ്ങണം എന്നാണ്. ഉറങ്ങിയ ശേഷമേ വണ്ടി ഓടിക്കാവൂ. രാവിലെ മൂന്ന് മണിമുതല്‍ ഏഴുമണിവരെ മനുഷ്യന് ഏറ്റവും കൂടുതല്‍ ഉറക്കം വരുന്ന സമയമാണ്. ഈ സമയത്ത് വാഹനം ഓടിക്കുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. – ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവ് നടത്തുമ്പോള്‍ കുറ്റകൃത്യങ്ങള്‍ പിടിക്കാം എന്നല്ലാതെ അവനവന് പാലിക്കേണ്ട ചില അച്ചടക്കങ്ങള്‍ ഉണ്ട്. സ്വയം നിയന്ത്രണം കൂടി വേണം. റോഡിൻറെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനം. പാലക്കാട്ടേത് കുഞ്ഞുങ്ങളുടെ കുറ്റമല്ല.
പുനലൂര്‍- മൂവാറ്റുപുഴ റോഡ് വളരെ വര്‍ഷങ്ങളോളം തകര്‍ന്നുകിടന്ന റോഡാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റോഡ് മനോഹരമായി പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞു. അപ്പോള്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. എം.സി റോഡില്‍ അടക്കം രണ്ടു വരി പാതയാണ്. അവിടെ നടുക്ക് ലൈന്‍ ഇട്ടിട്ടുണ്ട്. ആ ലൈനിലൂടെയല്ല ഓടിക്കേണ്ടത്. ലൈനില്‍ നിന്ന് മാറി ഓടിക്കണം. ലൈനില്‍ നിന്ന് ഒരു മീറ്റര്‍ മാറി ഓടിക്കണം.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വരെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇവര്‍ക്ക് കര്‍ശന ട്രെയിനിങ് നല്‍കും. പ്രത്യേകിച്ച് സ്വിഫ്റ്റ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വളരെ അശ്രദ്ധമായി വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പരിശീലനം നല്‍കും. പരിശീലനത്തിന് വഴങ്ങാത്തവരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.