തിരുവനന്തപുരം ; ഡിവൈ എഫ് ഐയ്ക്കെതിരെ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എ എ റഹീം എം പി. സ്ത്രീകൾക്ക് മാത്രമായി കെ എസ് ആർ ടി സിയിൽ യാത്രാസൗജന്യം നൽകുന്നത് ലിംഗപരമായ വിവേചനമാണെന്നും, യാത്ര ഡിവൈഎഫ് ഐ തടയുമെന്നുമായിരുന്നു പ്രചാരണം . ഇതിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനുള്ള ആർജ്ജവം യുഡിഎഫ് പ്രവർത്തകർ കാണിക്കണം. വ്യാജവാർത്തകൾ ചമച്ചും നുണപ്രചരണങ്ങൾ നടത്തിയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ ഇത്തരം തരംതാണ സൈബർ അധിക്ഷേപങ്ങളും വ്യാജപ്രചരണങ്ങളും അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങളുമായി മുന്നോട്ട് പോയാൽ അതിനെ നിയമപരമായി തന്നെ നേരിടും.
വരുംദിവസങ്ങളിൽ നവമാധ്യമങ്ങളിലെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരായി കൂടുതൽ പരാതികൾ നൽകുന്നതിനും നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും എ എ റഹീം പറയുന്നു. നേരത്തെ ഓപ്പറേഷൻ തൂഫാനിൽ പിടിക്കപ്പെടുന്നത് മുഴുവൻ കമ്യൂണിസ്റ്റുകളായതിനാൽ അതിനെതിരെ ഡിവൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. ഇതും വ്യാജമാണെന്ന് കാട്ടി പിന്നീട് എ എ റഹീം തന്നെ രംഗത്തെത്തിയിരുന്നു.

