ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി . പരീക്ഷ നീതിയുക്തവും സുരക്ഷിതവും ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്കനുസൃതവുമാക്കുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ജൂൺ 21 ന് നടക്കുന്ന നീറ്റ് പരീക്ഷ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
പുതിയ മാറ്റങ്ങൾ അനുസരിച്ച്, പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ പുതുതായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ബുക്ക്ലെറ്റിൽ റഫ് വർക്കിന് നൽകിയ പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നേരത്തെ, ഇത് രണ്ട് പേജുകളായിരുന്നു, ഇപ്പോൾ അത് നാലാക്കി. കൂടാതെ, ബുക്ക്ലെറ്റിന്റെ അവസാന പേജുകളിലെ റഫ് വർക്ക് പേജും മാറ്റി.
ഇനി മുതൽ, നിർദ്ദേശങ്ങൾ നൽകുന്ന പേജിന് ശേഷം രണ്ട് റഫ് വർക്ക് പേജുകൾ ഉണ്ടാകും. ശേഷിക്കുന്ന രണ്ട് പേജുകൾ ചോദ്യപേപ്പറിന്റെ അവസാനമായിരിക്കും. ഹാജർ ഷീറ്റിലും ഇൻവിജിലേഷൻ നടപടിക്രമങ്ങളിലും ഒപ്പിടുന്നത് പരീക്ഷയ്ക്ക് മുമ്പ് തന്നെയാകും.പരീക്ഷാ പ്രക്രിയ കൂടുതൽ സുഖകരവും വിദ്യാർത്ഥി സൗഹൃദപരവുമാക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് എൻടിഎ പറഞ്ഞു

