പാലാ ; പാലാ നഗരസഭയിൽ പൊട്ടിത്തെറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെ ആറ് ഭരണപക്ഷ അംഗങ്ങൾ രംഗത്ത് . ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. കൗൺസിലർമാരെ അനുനയിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന.
പുളിക്കക്കണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത് . എന്നാൽ ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഡി എഫിന്റെ കൗൺസിലർമാരായി നിൽക്കുന്ന സമയത്ത് പോലും തങ്ങൾക്ക് യാതൊരു റോളും നഗരസഭയിൽ ലഭിക്കുന്നില്ലെന്നും , പുളിക്കക്കണ്ടത്തിലെ മൂന്ന് കൗൺസിലർമാരും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നുമാണ് ആരോപണമ്മ്.
അഞ്ച് കൗൺസിലർമാരും, വൈസ് ചെയർപേഴ്സണായ മായ രാഹുലുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. വിഷയത്തിൽ യുഡിഎഫ് അനുനയചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 14 കൗൺസിലർമാരെയും വിളീച്ചു ചേർത്താണ് ചർച്ച . മാണി സി കാപ്പന്റെ വീട്ടിലാണ് ചർച്ച. ഫ്രാൻസിസ് ജോർജ് എം പി അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

