കൊൽക്കത്ത : സുഖേന്ദു ശേഖർ റേയ്ക്ക് പിന്നാലെ തൃണമൂൽ രാജ്യസഭാ എം പി സുഷ്മിത ദേവും രാജിവച്ചു. മമതയുടെ അടുത്ത സഹായിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന വനിതാ നേതാവായിരുന്നു സുഷ്മിത . രാജിയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സുഷ്മിത കൂടിക്കാഴ്ച്ച നടത്തി. യോഗത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ആഴ്ച്ച രാജി വയ്ക്കുന്ന രണ്ടാമത്തെ തൃണമൂൽ എം പിയാണ് സുഷ്മിത.
പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടെയാണ് മുതിർന്ന നേതാവായ സുഷ്മിതയും രാജിവച്ചിരിക്കുന്നത്. തൃണമൂലിന് കനത്ത തിരിച്ചടിയായാണ് സുഷ്മിതയുടെ രാജിയെ കാണുന്നത് . രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2021 ലാണ് കോൺഗ്രസ് പാർട്ടി വിട്ട് സുഷ്മിത തൃണമൂലിൽ ചേരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിന്റെ മകളാണ് സുഷ്മിത.
പ്രാദേശിക തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ നേതാക്കളും പാർട്ടിയിൽ നിന്നും രാജി വയ്ക്കുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. കക്കോളി ഘോഷ് ദസ്തിദാർ, സുഖേന്ദു ശേഖർ എന്നിവരും കഴിഞ്ഞ ആഴ്ച്ച രാജി വച്ചിരുന്നു. പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് തൃണമൂൽ തകരാൻ തുടങ്ങിയത് . 28 ലോക്സഭാ എംപിമാരിൽ 20 പേർ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് ബിജെപി നയിക്കുന്ന എൻഡിഎയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ടിഎംസിയിലെ വിമത വിഭാഗം അവകാശപ്പെടുന്നത് .

