കൊച്ചി : സിഎം ആർ എൽ – എക്സലോജിക് മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ലെന്നും , വീണ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ഷോൺ പറഞ്ഞു.
‘ കഴിഞ്ഞ രണ്ട് വർഷക്കാലം നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് അവർ ഇഡി അന്വേഷണത്തെ തടയാൻ ശ്രമിച്ചു. ഇനി അതിന് അവർക്ക് കഴിയില്ല . എസ് എഫ് ഐ ഒ അന്വേഷണത്തിൽ തന്നെ പി എം എൽ എ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് . കൂടുതൽ തെളിവ് ശേഖരണത്തിന്റെ ആവശ്യം വരില്ല. കൂടുതൽ നടപടികളിലേയ്ക്ക് ഇഡി കടക്കുമെന്നാണ് കരുതുന്നതെന്നും‘ ഷോൺ ജോർജ് പറഞ്ഞു .
വീണ ചെയ്ത തെറ്റ് എന്താണെന്ന് ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുമായി ഇടപാട് നടത്തുന്നത് തെറ്റാണ് ,. അതിൽ കൃത്രിമത്വം കാണിക്കുന്നത് അതിലും വലിയ തെറ്റാണ് . വീണ പ്രതിസ്ഥാനത്തുണ്ട്. അക്കൗണ്ടിൽപ്പെടാത്ത നൂറ് കോടിയിലേറെ രൂപ പിണറായി വിജയൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഷോൺ പറഞ്ഞു.
കേസിൽ ഇഡി അന്വേഷണം തുടരണമെന്നാണ് കോടതി ഉത്തരവ് . ഈ വിഷയം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണെന്ന് കാട്ടി സി എം ആർ എൽ നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.

