ന്യൂഡൽഹി : കേന്ദ്രസഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ നീക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ . രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേരില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് കുര്യൻ. കേന്ദ്രസഹമന്ത്രിയായതിനു പിന്നാലെ 2024 ആഗസ്റ്റിലാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത് .
ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി ഒഴിയും. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേയ്ക്ക് തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത് .
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജോർജ് കുര്യൻ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. 2021 ൽ അൽഫോൺസ് കണ്ണന്താനം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ലഭിച്ചപ്പോൾ കുറഞ്ഞ വോട്ടുകളാണ് ജോർജ് കുര്യന് കേന്ദ്രമന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്.
നിലവിൽ ഫിഷറീസ് , മൃഗസംരക്ഷണം,ക്ഷീര , ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോർജ് കുര്യനെ കേന്ദ്രമന്ത്രിസഭയുടെ പുനസംഘടന വരുന്നതോടെ നീക്കിയേക്കും.

