സിംഗപോർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷിന് കിരീടം. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനെട്ട് വയസ്സുകാരനായ ഗുകേഷ്. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവും ഗുകേഷാണ്.
വാശിയേറിയ പോരാട്ടത്തിന്റെ പതിനാലാം റൗണ്ടിലാണ് ഏഴര പോയിന്റുമായി ഗുകേഷ് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലാണ് ഗുകേഷ് നിലവിലെ കിരീട പോരാട്ടത്തിൽ വിജയിച്ചത്. ഡിംഗ് ലിറൻ രണ്ട് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, ബാക്കി മത്സരങ്ങൾ സമനിലയിലായി. ആദ്യ മത്സരത്തിലെ കൂറ്റൻ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഗുകേഷ് കിരീടം നേടിയത്.
ലോക ചെസ് ചരിത്രത്തിലെ അവിസ്മരണീയ നേട്ടം നിറകണ്ണുകളോടെയാണ് ഗുകേഷ് സ്വീകരിച്ചത്. സമനിലയിലേക്ക് നീങ്ങിയാൽ ടൈ ബ്രേക്കറിൽ ഡിംഗ് ലിറൻ കൂടുതൽ അപകടകാരിയായേക്കുമെന്ന് തിരിച്ചറിഞ്ഞ ഗുകേഷ്, അതിന് കാത്തുനിൽക്കാതെ ലിറന്റെ പിഴവ് മുതലെടുത്ത് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.