തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തിര പ്രമേയ നോട്ടീസിലെ ചർച്ചയ്ക്കിടെ ബിജെപി എം എൽ എ യ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിൽ തർക്കം . അടിയന്തിര പ്രമേയത്തിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് കെ രാജൻ വാകൗട്ട് നടത്തിയതിനു പിന്നാലെ ബിജെപി അംഗം ബിബി ഗോപകുമാർ സംസാരിക്കാൻ എഴുനേറ്റു.
ഇതിനിടെ സ്പീക്കർ തിരുവഞ്ചൂർ അടിയന്തിര പ്രമേയത്തിൽ താങ്കൾ ഒപ്പിട്ടിട്ടില്ലെന്നും എന്നാൽ എന്താണ് പറയാനുള്ളതെന്ന് ചുരുക്കി പറയാനും നിർദേശിച്ചു.ഇതോടെ ഇതൊരു കീഴ്വഴക്കമായി മാറരുതെന്ന് മറ്റ് അംഗങ്ങൾ നിർദേശിച്ചു. ഇല്ലെന്ന് സ്പീക്കർ മറുപടിയും നൽകി. തുടർന്ന് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രധാനമന്ത്രിയെ വിമർശിച്ചതിന് ഗോപകുമാർ മറുപടി നൽകി.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തി വച്ചത് യുഎസിന് ഇഷ്ടമല്ലാത്തതിനാലാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. എന്നാൽ മോദി ആർക്ക് മുന്നിലും തല കുനിയ്ക്കില്ലെന്നും എന്നാൽ പിണറായിയ്ക്ക് ഇഡിയെ പേടിയാണെന്നും ഗോപകുമാർ മറുപടി നൽകി.
‘ ഇഡിയെ പേടിക്കുന്ന പ്രതിപക്ഷനേതാവിനെ പോലെയല്ല മോദി .ട്രമ്പല്ല ലോകത്തിലെ ഏത് നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് അദ്ദേഹം ‘ എന്നാണ് ഗോപകുമാർ പറഞ്ഞത്. ഇതോടെ എൽഡിഎഫ് അംഗങ്ങൾ ബഹളം വച്ചു.
ആദ്യ പ്രസംഗമല്ലേയെന്നും സാവകാശം നൽകണമെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ എൽ ഡി എഫ് അംഗങ്ങൾ സ്വന്തം ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചെത്തി. പുതിയ അംഗമായതിനാലാണ് ഗോപകുമാറിന് സാവകാശം നൽകിയതെന്നും വീണ്ടും സ്പീക്കർ വ്യക്തമാക്കി. ഇതോടെ സ്പീക്കർക്ക് ഉദാരമനസ്കതയാണെന്ന നിലപാടുമായി പിണറായി രംഗത്ത് വന്നു. സഭയുടെ ചട്ടങ്ങളിൽ നിന്നുള്ള വ്യതിയാനമാണിതെന്നും , വാക്കൗട്ട് പ്രസംഗത്തിനു ശേഷം പുതിയ അംഗത്തോട് ഉദാരമനസ്ക്കത കാണിക്കാമായിരുന്നുവെന്നും പിണറായി പറഞ്ഞു.

