കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക് . മമത വിളിച്ചു ചേർത്ത ടിഎംസി യോഗത്തിന് 80 എം എൽ എ മാരി 20 പേർ മാത്രമാണ് പങ്കെടുത്തത് . തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് മമത യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ പലരും എത്താത്തത് മമതയടക്കമുള്ള നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അഭിഷേക് ബാനർജിക്കും, എംപി കല്യാൺ ബാനർജിക്കുമെതിരായ ആക്രമണത്തെ തുടർന്ന് നടത്തുന്ന പ്രതിഷേധ പരിപാടികളിലായതിനാലാണ് എംഎൽഎമാർക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞത്. യോഗം നടക്കാനിരുന്ന മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കാളിഘട്ട് വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച കുനാൽ ഘോഷ് , സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രതിഷേധ പരിപാടി ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചതായും പറഞ്ഞു. ബ്ലോക്ക് തലത്തിലും വാർഡ് തലത്തിലും റാലികൾ നടത്തുമെന്നും തുടർന്ന് ചൊവ്വാഴ്ച മധ്യ കൊൽക്കത്തയിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന കുത്തിയിരിപ്പ് സമരം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യോഗം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ പാർട്ടി നേതാക്കൾക്കെതിരായ ആക്രമണങ്ങൾ ഉണ്ടായതോടെ പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടക്കുകയാണ് . ടിഎംസി പ്രവർത്തകർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹം പറഞ്ഞു. മാത്രമല്ല പങ്കെടുക്കാനാകാത്ത വിവരം എം എൽ എ മാർ തങ്ങളെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു ദിവസത്തേയ്ക്ക് യോഗം മാറ്റി വച്ചിട്ടുണ്ടെന്നും കുനാൽ ഘോഷ് പറഞ്ഞു.
പാർട്ടിയിലെ എല്ലാ നിയമസഭാംഗങ്ങളും സംഘടനയ്ക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്നും മമത ബാനർജി അവിടെ ഉണ്ടായിരുന്നവരുമായി അനൗപചാരിക ചർച്ചകൾ നടത്തിയതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു

