അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്ത് ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, മത്സരത്തിന്റെ സമസ്ത മേഖലകളിലും സമഗ്രാധിപത്യം പുലർത്തിയാണ് ബെംഗലൂരുവിന്റെ കിരീട നേട്ടം. ടോസ് മുതൽ അവസാന പന്ത് വരെയും പ്രൊഫഷണൽ ക്രിക്കറ്റിന്റെ ചാരുത പുറത്തെടുത്ത ആർസിബി, അർഹിക്കുന്ന വിജയം തന്നെയാണ് നേടിയത്.
ടോസ് നേടിയ ബെംഗളൂരു ക്യാപ്ടൻ രജത് പാട്ടിദാർ ഗുജറാത്തിനെ ബാറ്റിംഗിനയച്ചു. ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസ് പിറന്നുവെങ്കിലും, പിന്നീട് ബെംഗളൂരു ബൗളർമാർ ഗുജറാത്ത് ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുക്കുന്ന രംഗമാണ് കണ്ടത്. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ഓപ്പണിംഗ് ജോഡിയെ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ ജോഷ് ഹെയ്സല്വുഡ് പിരിച്ചു. 10 റൺസെടുത്ത ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ പാട്ടിദാർ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താക്കി. സമ്മർദ്ദത്തിലായ സായ് സുദർശനെ അടുത്ത ഓവറിൽ സമാനമായ ഒരു റണ്ണിംഗ് ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ മടക്കി. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്.
പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഗുജറാത്ത് ബാറ്റ്സ്മാന്മാർക്ക് കാര്യമായ തിരിച്ചു വരവ് നടത്താൻ കഴിഞ്ഞില്ല. 3 വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാമും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ഭുവനേശ്വറും ഹെയ്സല്വുഡും ചേർന്ന് ഗുജറാത്തിന്റെ കഥ കഴിച്ചു. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും മികച്ച രീതിയിൽ പന്തെറിഞ്ഞു. കൃത്യമായ ഇടവേളകളിൽ കണിശതയാർന്ന ബൗളിംഗിലൂടെയും ചടുലമായ ഫീൽഡിംഗിലൂടെയും ബെംഗളൂരു കളം നിറഞ്ഞതോടെ, ഗുജറാത്തിന്റെ ഇന്നിംഗ്സ് 8ന് 155 റൺസിൽ അവസാനിച്ചു. 50 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറാണ് ടീമിനെ 150 കടത്തിയത്.
മറുപടി ബാറ്റിംഗിൽ ബെംഗളൂരുവിന്റെ തുടക്കം സ്ഫോടനാത്മകമായിരുന്നു. ഇംപാക്ട് സബ് ആയി ഓപ്പണിംഗിൽ ഇറങ്ങിയ വെങ്കടേഷ് അയ്യരും കോഹ്ലിയും ചേർന്ന് അതിവേഗം സ്കോർ ഉയർത്തി. റബാഡയും സിറാജും നല്ല രീതിയിൽ തല്ല് വാങ്ങി. സ്കോർ 4.3 ഓവറിൽ 62 റൺസിൽ നിൽക്കെ അയ്യരെ സിറാജ് റബാഡയുടെ കൈകളിൽ എത്തിച്ചു. 16 പന്തിൽ 32 റൺസുമായി മടങ്ങിയ അയ്യർ അപ്പോഴേക്കും തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ചിരുന്നു. പിന്നാലെ വന്ന ബാറ്റ്സ്മാന്മാരിൽ മറ്റാർക്കും കാര്യമായ സംഭാവന സ്കോർ മോർഡിലേക്ക് നൽകാൻ കഴിഞ്ഞില്ലെങ്കിലും, മികച്ച തുടക്കം മുതലെടുത്ത് ഒരു വശത്ത് നിലയുറപ്പിച്ച ചേസ് മാസ്റ്റർ കിംഗ് കോഹ്ലി, പതിനെട്ടാം ഓവറിൽ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഇടയ്ക്ക് പേശിവലിവ് അനുഭവപ്പെട്ടുവെങ്കിലും, 42 പന്തിൽ 9 ഫോറുകളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 75 റൺസ് അടിച്ചു കൂട്ടിയ കോഹ്ലി തന്നെയാണ് കൂറ്റൻ സിക്സറിലൂടെ വിജയ റണ്ണും കുറിച്ചത്. ഇതിനിടയിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാച്ചിൽ കോഹ്ലി പുറത്തായതായി ഫീൽഡ് അമ്പയർമാർ വിധിച്ചുവെങ്കിലും, തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ച കോഹ്ലിയുടെ ആവശ്യപ്രകാരം തീരുമാനം മൂന്നം അമ്പയറിന് വിട്ടു. വിശദമായ പരിശോധനയിൽ, പന്ത് നിലത്ത് മുട്ടിയതായി വ്യക്തമായതിനെ തുടർന്ന് അമ്പയർമാർ തീരുമാനം തിരുത്തി. പിന്നീട് തിരികെ വന്നാണ് കോഹ്ലി വിജയം പൂർത്തിയാക്കിയത്.
ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. അർഷദ് ഖാൻ, മുഹമ്മദ് സിറാജ്, റബാഡ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
സ്കോർ
ഗുജറാത്ത് ടൈറ്റൻസ്: 155-8 (20)
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: 161-5 (18)

