പട്ന : ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി സർക്കാർ വസതിയെ ചൊല്ലി ബീഹാറിൽ വീണ്ടും വിവാദം. സർക്കാർ നിർദേശം കണക്കിലെടുക്കുന്നില്ലെന്നും , വീട് ഒഴിയില്ലെന്നുമാണ് റാബ്രി ദേവിയുടെ നിലപാട്. ‘ പൊലീസിനെ കൊണ്ടു വന്ന് ഒഴിപ്പിക്കട്ടെ , അല്ലാതെ ഞങ്ങൾ ഒഴിയില്ല ‘ എന്നും റാബ്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സർക്കുലർ റോഡിലെ ബംഗ്ലാവ് ഒഴിയണമെന്ന് സർക്കാർ ഉത്തരവിറക്കിയത്. മാത്രമല്ല ബംഗ്ലാവ് ക്ഷീര , മത്സ്യബന്ധന, മൃഗവിഭവവികസന മന്ത്രി നന്ദ് കിഷോർ റാമിന് അനുവദിക്കുകയും ചെയ്തു.
തന്റെ ചെറുമകൻ ഇരാജ് ലാലുയാദവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ റാബ്രി ഉടൻ ബീഹാറിലേയ്ക്ക് മടങ്ങിയതും ബംഗ്ലാവ് ഒഴിപ്പിക്കാൻ പൊലീസ് എത്തിയേക്കുമെന്ന ഭീതിയിലാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ് ഈ ബംഗ്ലാവ് .നിരവധി സുപ്രധാന പാർട്ടി തീരുമാനങ്ങൾ ഉണ്ടായതും ഈ വീട്ടിലാണ്. അതേസമയം അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി ധാർഷ്ട്യം കാട്ടുകയാണെന്നാണ് ആർ ജെ ഡി വക്താവ് ശക്തി യാദവിന്റെ ആരോപണം.
ബീഹാറിലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ ആ വസതിയിൽ ഉണ്ടെന്ന കാര്യം ബിജെപി മറക്കുകയാണ് . നിലവിൽ റാബ്രി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷനേതാവാണെന്നും ശക്തി യാദവ് പറയുന്നു. എന്നാൽ 1995 നും 2005 നും ഇടയിലുള്ള ബീഹാർ അല്ല ഇതെന്നാണ് ശക്തിയാദവിന് ബിജെപി വക്താവ് കുന്തൽ കൃഷ്ണ നൽകിയ മറുപടി.
‘ ഈ ബംഗ്ലാവിൽ അവർ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല . വീട് ഒഴിയാൻ നിരവധി തവണ ആവശ്യപ്പെട്ടു. എന്നിട്ടും അത് ചെവിക്കൊള്ളാത്തത് എന്തുകൊണ്ടാണെന്നും ‘ കുന്തൽ കൃഷ്ണ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ആനി മാർഗിന് നേരെ എതിർവശത്തുള്ള 10, സർക്കുലർ റോഡിലെ ബംഗ്ലാവ് ഒരു സാഹചര്യത്തിലും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് മംഗനി ലാൽ മണ്ഡൽ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു . “ഭരണകക്ഷിയായ എൻഡിഎയ്ക്ക് നമ്മുടെ നേതാവ് ലാലു പ്രസാദിനോടുള്ള വിരോധമാണ് ഈ തീരുമാനം കാണിക്കുന്നത് “ എന്നും മംഗനി ലാൽ മണ്ഡൽ പറഞ്ഞിരുന്നു .

