തിരുവനന്തപുരം ; വിഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കാത്തതിൽ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. എന്തുകൊണ്ടാണെന്ന് സ്പീക്കറോട് ചോദിച്ച ഗവർണർ തന്റെ അതൃപ്തിയും മറച്ച് വച്ചില്ല..
വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന് ലോക്ഭവൻ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കപ്പെട്ടില്ല . ഇക്കാര്യത്തിൽ വിശദീകരണം തേടണോയെന്ന കാര്യവും ഗവർണർ തീരുമാനിച്ചിട്ടില്ല. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം ഉണ്ടെന്നും, എന്നിട്ടും അത് പാലിച്ചില്ലെന്നുമാണ് ഗവർണർ പ്രതികരിച്ചത് . വിഷയത്തിൽ പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്നും, സർക്കാർ എന്ത് തുടർനടപടി എടുക്കുമെന്ന് നോക്കുമെന്നുമാണ് ഗവർണർ പറഞ്ഞത്.
ബിജെപി എം എൽ എ വി മുരളീധരനും ഇക്കാര്യത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല. ഇത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണ്. 150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തമാണെന്നും മുരളീധരൻ പറഞ്ഞു.
വിഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു. ഇതിനെതിരെ സിപിഎം നേതാക്കളും രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ആശങ്കയുണ്ടെന്നായിരുന്നു എം എൽ എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.

