കോട്ടയം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവും, പരാതിക്കാരനുമായ ഷോൺ ജോർജിന്റെ വീട്ടിലേയ്ക്ക് ഡിവൈഎഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം . വീടിനു അല്പം അകലെ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. എന്നാൽ ബിജെപി പ്രവർത്തകരും പ്രകടനവുമായി എത്തിയിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ ഹർജി നൽകിയത് ഷോൺ ജോർജ്ജാണ്. ഇന്ന് ഇഡി റെയ്ഡ് കൂടി നടന്നതോടെ സിപിഎം പാലായിലെ ഷോണിന്റെ വീട്ടിലേയ്ക്ക് പ്രതിഷേധവുമായി എത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും ഡിവൈഎഫ് ഐ പ്രവർത്തകർ മുന്നോട്ട് പോകാൻ ശ്രമിച്ചു. ഏറെ നേരം പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. കനത്ത മഴയിലായിരുന്നു പ്രതിഷേധം .
റെയ്ഡ് നടന്നതിനു പിന്നാലെ ഷോൺ ജോർജ്ജും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയനും, മകളും ജയിലിൽ പോകുമെന്നും, ഇന്ന് ഇഡി നടത്തുന്ന നീക്കങ്ങൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു .
ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് സ്റ്റേ വാങ്ങിയാണ് നേരത്തെ കേസ് അന്വേഷണം തടസപ്പെടുത്തിയിരുന്നത് . സീരിയസ് ഫ്രോഡ് ഇൻ വെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തി റിപ്പോർട്ടും നൽകിയിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച് യാതൊരു സേവനങ്ങളും നൽകാതെയാണ് വീണയുടെ കമ്പനി സി എം ആർ എല്ലിൽ നിന്നും പണം കൈപ്പറ്റിയിരുന്നതെന്നും ഷോൺ പറഞ്ഞു.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടട്ടെ. പണം കട്ടിട്ടുണ്ടെങ്കിൽ മോദി ഭരിക്കുന്ന ഭാരതത്തിൽ പേടിക്കുക തന്നെ വേണം . ഇതിലും വലിയ മുഖ്യമന്ത്രിമാരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുണ്ട് . പിന്നെയാണോ പിണറായി എന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.

