തിരുവനന്തപുരം : സിഎം ആർ എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ്. പിണറായിയുടെ വീട്ടിലും, എക്സലോജിൽ ഓഫീസിലും നടത്തിയ റെയ്ഡിൽ വിവിധ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈ രേഖകൾ വിശകലനം ചെയ്തുവരികയാണെന്നും ഇഡി അറിയിച്ചു.
സി എം ആർ എൽ മാനേജ്മെന്റും, വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലും പത്തോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് .കണ്ണൂർ, എറണാകുളം , തിരുവനന്തപുരം , ബാംഗ്ലൂർ എന്നിവിടങ്ങളിൽ സി എം ആർ എല്ലുമായും, വീണയുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ് നടന്നത് .
വീണയുടെ കമ്പനിയായ എക്സലോജിക്ക് സേവനങ്ങളൊന്നും നൽകാതെ പണം കൈപ്പറ്റിയതായി എസ്എഫ്ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . എസ്എഫ്ഐഒ റിപ്പോർട്ട് പ്രകാരം എക്സലോജിക്കിന് 2.70 കോടി രൂപ നൽകിയിരുന്നു. വീണയ്ക്കെതിരായ കുറ്റങ്ങൾ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിലെ പ്രോസിക്യൂഷൻ നടപടികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു.
വീണ വിജയൻ, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, സിഎംആർഎൽ ചീഫ് ജനറൽ മാനേജർ ഓഫ് ഫിനാൻസ് പി. സുരേഷ് കുമാർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രാലയം അനുമതി നൽകി. കോർപ്പറേറ്റ് തട്ടിപ്പ് നിയമങ്ങൾക്ക് കീഴിലുള്ള ഗുരുതരമായ നിയമ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം പ്രകാരം വീണയ്ക്ക് 2.70 കോടി രൂപ നൽകിയത് CMRL-ൽ നിന്നും അതിൻ്റെ അനുബന്ധ സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നുമാണ്. ശശിധരൻ കർത്തയും ഭാര്യയും എംപവർ ഇന്ത്യയുടെ ഡയറക്ടർമാരാണ്.

