ചെന്നൈ : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിൽ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
പ്രതിപക്ഷനേതാക്കളെ വേട്ടയാടാനും, ഒതുക്കാനും കേന്ദ്രഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചു വരികയാണ്. ഇത് ഗുരുതരമായ ആശങ്കകൾ ഉണ്ടാക്കുന്നു.കോൺഗ്രസിലെ ഉൾപ്പെടെയുള്ള ചില പ്രതിപക്ഷനേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും സ്റ്റാലിൻ സൂചിപ്പിച്ചു.
പിണറായി വിജയനെ എന്തുകൊണ്ടാണ് മോദി സർക്കാർ ലക്ഷ്യമിടാത്തതെന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധിയെ പരോക്ഷമായി പരാമർശിച്ച് സ്റ്റാലിൻ പറഞ്ഞു.

