ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്രവോട്ടർ പട്ടിക പരിഷ്കരണ നടപടി ശരിവച്ച് സുപ്രീം കോടതി . എസ് ഐ ആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും, സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്നും കോടതി വ്യക്തമാക്കി. എസ് ഐ ആർ എന്നത് പിൻ വാതിൽ വഴിയുള്ള പൗരത്വ പരിശോധനയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും, ഹർജിക്കാരും ഉയർത്തിയ തടസ്സവാദങ്ങളും കോടതി തള്ളി .
എസ് ഐ ആർ വഴി നിലവിലുള്ള നിയമങ്ങളോ, ഭരണഘടനയോ ലംഘിക്കപ്പെടില്ല . വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്താൽ ഒരാളുടേ പൗരത്വം നഷ്ടമാകില്ല .എസ് ഐ ആർ വഴി ഭരണഘടയ്ക്ക് പുതുജീവൻ നൽകുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങളിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനല്ല . എന്നാൽ വോട്ടർപട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ, വേണ്ടയോ എന്നത് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ ചില വശങ്ങൾ പ്രയോജനപ്പെടുത്താനാകും.നാലു പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി ഇക്കാര്യത്തിൽ വിധി പറഞ്ഞത്.
എസ് ഐ ആർ നടപടി കമ്മീഷന്റെ ഭരണഘടനപരവും, നിയമപരവുമായ ഉത്തരവാദിത്തങ്ങൾക്ക് അനുസൃതമാണോ, ഈ നടപടി വഴി ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്തിസഹമാണോ , മറ്റ് ബദൽമാർഗങ്ങൾ ഇല്ലാത്തപക്ഷം ഈ നടപടിഅനിവാര്യമായിരുന്നോ , കമ്മീഷന്റെ ലക്ഷ്യവും, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കമ്മിഷൻ സ്വീകരിച്ച നടപടികൾ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി. സ്വതന്ത്രവും , നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ ഈ നടപടികൾ ആവശ്യമാണെന്നും കോടതി വിലയിരുത്തി.

