ഡബ്ലിൻ: അയർലൻഡിൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും ജനപ്രിയ ഹാം ഉത്പന്നം തിരിച്ചുവിളിച്ചു. അലർജിയുണ്ടാക്കുന്ന ഘടകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്. ഉത്പന്നങ്ങൾ ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.
ഗ്ലൂട്ടണിന്റെ സാന്നിദ്ധ്യമാണ് ഉത്പന്നങ്ങളിൽ ഉള്ളത്. ഇതേക്കുറിച്ച് പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഗ്ലൂട്ടൺ ചിലരിൽ അലർജിയ്ക്ക് കാരണമായേക്കാം. ഇതേ തുടർന്നാണ് ഗ്ലൂട്ടണിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്താത്ത പാക്കറ്റുകൾ തിരിച്ചുവിളിച്ചത്. ഡിവില്ലി ബ്രദേഴ്സ് നോ ആഡഡ് നൈട്രൈറ്റ് ക്രംബ്ഡ് ഹാമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.
20163983 എന്ന ബാച്ച് കോഡുള്ളതും 04.06.2026 എക്സ്പയറി ഡേറ്റുമുള്ള 90 ഗ്രാമിന്റെ പാക്കറ്റുകളിലാണ് ഗ്ലൂട്ടണിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്താത്തത്. ഡൺസ് സ്റ്റോഴ്സ്, ടെസ്കോ എന്നിവയുൾപ്പെടെ സൂപ്പർമാർക്കറ്റുകളിൽ ഇത് വിറ്റഴിച്ചിട്ടുണ്ട്.

