തിരുവനന്തപുരം : നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരിൽ മലപ്പുറത്ത് നിന്ന് മാത്രം മൂന്ന് മന്ത്രിമാർ . മുസ്ലീം ലീഗിന്റെ മലപ്പുറത്ത് നിന്നുള്ള മൂന്ന് എം എൽ എ മാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് .
യുഡിഎഫ് സർക്കാരിൽ നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക മുസ്ലീം ലീഗ് പ്രഖ്യാപിച്ചിരുന്നു . വരാനിരിക്കുന്ന മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് നാളെ അധികാരമേൽക്കുന്ന ലീഗ് മന്ത്രിമാർ.
കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയാകുമെന്നാണ് ലീഗ് നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. നേരത്തെ, മലപ്പുറം ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരെ നിയമിക്കാൻ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്, കെ.എം. ഷാജിയോ പി.കെ. ബഷീറോ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇന്ന് നടന്ന ചർച്ചകൾക്ക് ശേഷം രണ്ട് നേതാക്കളെയും പരിഗണിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഇരുവരെയും ഉൾപ്പെടുത്തിയ പട്ടികയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയത് . ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാരുണ്ടാകും.
പാറക്കല്‍ അബ്ദുള്ളയെ തഴഞ്ഞതോടെ കോഴിക്കോട് ജില്ല നിരാശയിലാണ് . ഇടതുപക്ഷത്തിനെ ഇക്കുറി തകർത്തെറിഞ്ഞ ജില്ലയാണ് കോഴിക്കോട് . ഒരിക്കലും തകരില്ലെന്ന് ഇടതുപക്ഷം അവകാശപ്പെട്ടിരുന്ന നാദാപുരവും എലത്തൂരും പേരാമ്പ്രയുമൊക്കെ നേടിയാണ് യു.ഡി.എഫ് വിജയിപ്പിച്ചത്. എന്നാൽ പട്ടിക പുറത്ത് വന്നപ്പോൾ മൂന്ന് മന്ത്രിമാരും മലപ്പുറത്ത് നിന്നായി .

