തിരുവനന്തപുരം ; പാര്‍ട്ടിയാണ് തനിക്ക് വലുതെന്നും, സ്ഥാനമാനങ്ങളല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് പാര്‍ട്ടിയെ വിഷമത്തില്‍ ആക്കുക എന്നത് തന്റെ അജണ്ടയല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകേണ്ട കാലമല്ലേ ഇത്. കസേരക്ക് വേണ്ടി പഠിച്ചത് മാറ്റാന്‍ തയാറല്ല . കഴിഞ്ഞ പത്ത് കൊല്ലക്കാലമായിട്ടുള്ള പ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും ഉണ്ടായ ഫലമാണ് കേരളത്തിലുണ്ടായത്. ആ ഫലം ജനങ്ങള്‍ക്ക് ലഭിക്കണം. പ്രവര്‍ത്തകര്‍ക്ക് എന്നോടുള്ള സ്നേഹം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമാണ്. പാര്‍ട്ടിയാണ് എനിക്കെല്ലാം. നമ്മളെ എവിടെയെങ്കിലും എത്തിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുക എന്നതാണ് ഞാന്‍ പഠിച്ച പാഠം. ആ പാഠം തെറ്റിക്കില്ല – അദ്ദേഹം പറഞ്ഞു.
നമ്മള് ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വച്ച് പാര്‍ട്ടിയെ വിഷമത്തിലാക്കുക എന്നത് എന്റെ അജണ്ടയിലേയില്ല . ഇപ്പോള്‍ ചെയ്യുന്ന സമവായശ്രമങ്ങളെല്ലാം എന്റെ ഉത്തരവാദിത്തമാണ്. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുക്കുക എന്ന് പറഞ്ഞാല്‍ അത് എന്റെയും കൂടി തീരുമാനമല്ലേ. ഓരോ കോണ്‍ഗ്രസുകാരന്റെയും തീരുമാനമല്ലേ – അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ സ്ഥാനങ്ങള്‍ക്കും കസേരകള്‍ക്കും വേണ്ടി മാത്രം നില്ക്കുന്ന ഒരു മനസല്ല തനിക്കെന്നും വേണുഗോപാൽ പറഞ്ഞു. അവസരങ്ങള്‍ പാര്‍ട്ടി തന്നിട്ടുണ്ട്. ആ അവസരങ്ങള്‍ ഉപയോഗിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇന്ന കസേരയില്‍ ഇത്രനാള്‍ ഇരിക്കണമെന്ന മോഹമൊന്നും, തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

