ന്യൂ ഡൽഹി: ഭീകരത പ്രോത്സാഹിപ്പിക്കുകയും ഇന്ത്യക്കെതിരെ നീങ്ങുകയും ചെയ്യുന്നത് ആവർത്തിച്ചാൽ പാകിസ്താൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ എന്ന് അവർക്ക് തീരുമാനിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ സംസാരിക്കവെയാണ് ജനറൽ ദ്വിവേദി പാകിസ്താന് ശക്തമായ സന്ദേശം നൽകിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ, സൈനിക ശേഷി കൊണ്ടും ബാഹ്യ സമ്മർദ്ദം കൊണ്ടും ഇന്ത്യ പാകിസ്താനെ എങ്ങനെയാണ് വിറപ്പിച്ച് കീഴടക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേനകൾ സദാസമയവും സന്നദ്ധമാണ്. ഇക്കാര്യത്തിൽ പാകിസ്താന് ഇപ്പോൾ ഒരു സംശയവും ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് 7നായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ പാകിസ്താനെ വരിഞ്ഞ് മുറുക്കിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരത്താവളങ്ങളിൽ കടന്നാക്രമിച്ച ഇന്ത്യ നിരവധി ഭീകരരെ വധിച്ചു.
ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ പാകിസ്താൻ നടത്തിയ സകല നീക്കങ്ങളും പരാജയപ്പെട്ടു. പാകിസ്താനിലെ സുപ്രധാന കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വെക്കാൻ തുടങ്ങിയതോടെ, സൈനിക തലത്തിലും നയതന്ത്ര തലത്തിലും വെടിനിർത്തലിന് പാകിസ്താൻ ഭരണകൂടം യാചിച്ചു. തുടർന്ന് 88 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടി മെയ് 10ന് ഇന്ത്യ അവസാനിപ്പിച്ചു.

