ന്യൂഡൽഹി : ഇന്ധന നഷ്ടം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അവഗണിച്ച് റാലി നടത്തിയ ബിജെപി നേതാവിനെതിരെ നടപടി. മധ്യപ്രദേശിലെ കിസാൻ മോർച്ച നേതാവ് സജ്ജൻ സിംഗ് യാദവിനെയാണ് പാർട്ടി പുറത്താക്കിയത്. നൂറുകണക്കിന് വാഹനങ്ങൾ ഉൾപ്പെട്ട റാലി നടത്തിയതിനെ തുടർന്നാണ് തീരുമാനം. സജ്ജൻ സിംഗിന്റെ നടപടി “അച്ചടക്കരാഹിത്യ”മാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയത്.
“മെയ് 13 ന് സജ്ജൻ സിംഗിന്റെ നേതൃത്വത്തിൽ കിസാൻ മോർച്ച സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ആഹ്വാനത്തിനോടുള്ള അവഗണനയാണ് ഇത് കാണിക്കുന്നത് . തൽഫലമായി, സംസ്ഥാന പ്രസിഡന്റ് ഹേമന്ത് ഖണ്ഡേൽവാൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, കിസാൻ മോർച്ച ഓഫ് ബിന്ദിന്റെ ജില്ലാ പ്രസിഡന്റായി സജ്ജൻ സിംഗ് യാദവിനെ നിയമിച്ചത് ഇതിനാൽ റദ്ദാക്കുന്നു,” എന്നാണ് പാർട്ടി പുറത്തിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
120 വാഹനങ്ങൾ ഉൾപ്പെടുന്ന വലിയ റാലിയുടെ അകമ്പടിയോടെയാണ് സജ്ജൻ സിംഗ് ഗ്വാളിയോറിൽ നിന്ന് ബിന്ദിൽ എത്തിയത്. ഈ സമയത്ത്, നഗരത്തിൽ വ്യാപകമായ ഗതാഗതക്കുരുക്കും ബഹളവും ഉണ്ടായി . ഇത് വൻ വിമർശനത്തിനും ഇടയാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിലവിൽ രണ്ട് കാറുകളുടെ അകമ്പടിയാണുള്ളത് . അനാവശ്യ ഇറക്കുമതി ചിലവ് കുറയ്ക്കാനും അമിതമായ വിദേശ കറൻസി ചെലവിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും പെട്രോളും ഡീസലും ലാഭിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ആഗോള അനിശ്ചിതത്വത്തിന്റെയും സാമ്പത്തിക തകർച്ചയുടെയും കാലഘട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

