ഡബ്ലിൻ ; നഗരമധ്യത്തിൽ 1,000 ത്തിൽ അധിക ഗാർഡകളെ എപ്പോൾ വിന്യസിക്കുമെന്ന് പറയാനാകില്ലെന്ന് നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ . നഗരത്തിൽ സുരക്ഷ നൽകാൻ നിലവിൽ ആവശ്യമായ പൊലീസ് സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.2024 ൽ നഗരമധ്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ 1,000 അധിക ഗാർഡകളെ വിന്യസിക്കണമെന്ന് ഡബ്ലിൻ സിറ്റി ടാസ്ക്ഫോഴ്സ് ശുപാർശ ചെയ്തിരുന്നു.
2023 നവംബറിലെ കലാപങ്ങൾക്കും, കോവിഡ് ഉണ്ടാക്കിയ മാന്ദ്യതയ്ക്കും ശേഷം തലസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിനായി കഴിഞ്ഞ മെയ് മാസത്തിലാണ് ടാസ്ക്ഫോഴ്സ് സ്ഥാപിതമായത്.
ടാസ്ക്ഫോഴ്സിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഒ’കല്ലഗൻ പറഞ്ഞു. ഗാർഡകളെ നിയമിക്കേണ്ടതുണ്ടെന്നും രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങൾക്കും സേവനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ സിറ്റി സെന്ററിലേക്ക് 1,000 ഗാർഡകളെ കൂടി വിന്യസിക്കുന്നത് മിനിമം ആവശ്യകതയാണെന്ന ഗ്രീൻ പാർട്ടി നേതാവ് റോഡറിക് ഒ’ഗോർമാന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഒ’കല്ലഗൻ.
“ഡബ്ലിനിൽ 1,000 ഗാർഡകൾ കൂടി കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾ സർക്കാരിലും ഉണ്ടായിരുന്നു, കാര്യങ്ങൾ ഒരു വിരൽത്തുമ്പിൽ അല്ലെങ്കിൽ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നില്ലെന്ന് നിങ്ങൾക്കുമറിയാം,” മന്ത്രി ഒ’കല്ലഗൻ ഒ’ഗോർമാനോട് പറഞ്ഞു.

