കൊൽക്കത്ത ; വക്കീൽ വേഷത്തിൽ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി കോടതിയിലെത്തി. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ഹാജരാകാനാണ് ഹൈക്കോടതിയിൽ മമത എത്തിയത്. അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് സംസ്ഥാനത്തുടനീളം അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . ടിഎംസി നേതാവ് കല്യാൺ ബാനർജിയുടെ മകൻ ഷിർഷണ്യ ബന്ദോപാധ്യായയാണ് ഇത് സംബന്ധിച്ച് കൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്.
വിവിധ പ്രദേശങ്ങളിലെ പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണങ്ങൾ നടന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചീഫ് ജസ്റ്റിസ് എച്ച്.സി. സുജോയ് പോൾ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കേസ് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തത്. ഈ വിഷയത്തിൽ വാദങ്ങൾ അവതരിപ്പിക്കാൻ മമത ബാനർജി തന്നെ കോടതിയിൽ ഹാജരാകുകയായിരുന്നു.
അഭിഭാഷക വേഷം ധരിച്ച മമത ബാനർജിയുടെ ചിത്രം ടിഎംസി തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. “ബിജെപി ബംഗാൾ ഘടകം ബംഗാളിൽ ഉടനീളം അഴിച്ചുവിട്ട വ്യാപകമായ തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തെക്കുറിച്ച് തന്റെ കേസ് അവതരിപ്പിക്കാൻ ഞങ്ങളുടെ ചെയർപേഴ്സൺ മമത ബാനർജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ നേരിട്ട് എത്തി. മറ്റുള്ളവരിൽ നിന്ന് തന്നെ വ്യത്യസ്തയാക്കുന്നത് എന്താണെന്ന് അവർ വീണ്ടും തെളിയിച്ചു. ബംഗാളിലെ ജനങ്ങളെ അവരുടെ ആവശ്യമുള്ള സമയത്ത് അവർ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ” എന്നാണ് ചിത്രത്തിനൊപ്പം ടി എം സി കുറിച്ചിരിക്കുന്നത്.രാജ്യത്ത് തന്നെപ്പോലെ മറ്റൊരു നേതാവില്ലെന്ന് അവർ നിരന്തരം തെളിയിക്കുന്നുണ്ടെന്നും പാർട്ടി നേതാക്കൾ പറഞ്ഞു

