ലക്നൗ: താജ്മഹൽ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേയ്ക്ക് ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആരാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമായിട്ടില്ല . സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശം മുംബൈ പോലീസിന് ലഭിച്ചത് . അന്വേഷണത്തിന് പിന്നാലെ ,മുംബൈ സ്വദേശിയായ യുവതി അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു . ഇവർ മുൻപും ഇത്തരത്തിൽ വ്യാജഭീഷണികൾ മുഴക്കി സന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അന്ന് പോലീസ് അറിയിച്ചിരുന്നു. ഈ യുവതിയ്ക്കും പുതിയ ഭീഷണി സന്ദേശത്തിൽ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും.